വര്‍ഷം 1968. ചൈനയില്‍ സാംസ്‌കാരിക വിപ്ലവം കൊടുമ്പിരികൊണ്ടിരിക്കുന്ന കാലം. അന്ന് മാവോ സേ തുങ്ങ് രാജ്യത്തെ യുവാക്കളോട് ഒരു ആഹ്വാനം നടത്തി, നിങ്ങള്‍ ഗ്രാമങ്ങളിലേക്ക് തിരികെ പോകൂ എന്ന്. കര്‍ഷകരില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ചൈനീസ് യുവത്വം കൂടുതല്‍ കരുത്താര്‍ജിക്കട്ടെയെന്ന് കരുതിയാണ് മാവോ അന്നങ്ങനെ പറഞ്ഞതും തല്ഫലമായി നഗരജീവിതം വെടിഞ്ഞ് ലക്ഷക്കണക്കിന് യുവാക്കള്‍ ഗ്രാമങ്ങളിലേക്ക് പോയതും. അന്ന് ഗ്രാമങ്ങളിലേക്ക് പോയ യുവാക്കളുടെ കൂടെ ഒരു പതിനഞ്ചു വയസുകാരനും ഉണ്ടായിരുന്നു. അറുപതുകളില്‍ കൃഷി ഇന്നത്തെപ്പോലെ യന്ത്രവല്‍കൃതമായിരുന്നില്ലെന്നോര്‍ക്കണം. നിലമുഴാനും, ബണ്ടുകെട്ടാനും, കൊയ്യാനും, മെതിക്കാനും എല്ലാം മനുഷ്യ അധ്വാനം കൂടിയേ തീരൂ. കൂടെ ഉണ്ടായിരുന്ന യുവാക്കളോടൊപ്പം ഒരു മടിയുംകൂടാതെ ആ ചെറിയ പയ്യനും എല്ലുമുറിയെ പണിയെടുത്തു. അവന്റെ താമസം ഗുഹയിലായിരുന്നു. അതിനുള്ളിലാകട്ടെ പാമ്പും പഴുതാരയും തേളും നിത്യസന്ദര്‍ശകരായെത്തി. ഇഷ്ടികപ്പുറത്തായിരുന്നു കിടപ്പ്.
അച്ഛനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പുറത്താക്കി തുറുങ്കിലടച്ചതിന്റെ അപമാനം പേറിയായിരുന്നു അവന്റെ ബാല്യം കടന്നുപോയത്. നന്നേ ചെറുപ്പത്തില്‍ തന്നെ മൂത്ത സഹോദരിയുടെ ആത്മഹത്യയ്ക്കും ആ കുട്ടി സാക്ഷ്യം വഹിച്ചു. പാര്‍ട്ടിയോട് അടങ്ങാത്ത അഭിനിവേശമുണ്ടായിരുന്നിട്ടും അവന്റെ അപേക്ഷ നിരവധി തവണ തിരസ്‌കരിക്കപ്പെട്ടു. അന്ന് അവനൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ, മാവോയേക്കാള്‍ വലിയ മാവോയാകുക! ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ജീവിതം പോലും ഒരു ഏകാധിപതിയെ കൃത്യമായി പാകം ചെയ്‌തെടുത്ത ചേരുവകള്‍ ചേര്‍ന്നതാണ്.
മാവോയേക്കാള്‍ ഷീ ജിന്‍ പിങ്ങിനെ ഉപമിക്കാനാവുന്നത് കൊറിയയിലെ ആ തലതെറിച്ച മനുഷ്യനോടാണ്. കോവിഡ് ബാധിച്ചവരെ വെടിവെച്ച് കൊന്നും അനിഷ്ടം തോന്നിയവരെ പട്ടിണിക്കിട്ട് വേട്ടപ്പട്ടിക്ക് എറിഞ്ഞുകൊടുത്തും സ്വന്തം അമ്മാവനെയടക്കം വധശിക്ഷയ്ക്ക് ഇരയാക്കിയും ഉത്തരകൊറിയയെ വിറപ്പിച്ചു നിര്‍ത്തുന്ന കിംജോങ് ഉന്‍ എന്ന ഒരു ഭയങ്കര സ്വേച്ഛാധിപതിയോട്. 1921 ല്‍ മാവോ സേ തൂങിന്റെ നേതൃത്വത്തില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിലവില്‍ വന്നതിന് ശേഷം ചൈന കമ്മ്യൂണിസ്റ്റ് ഭരണത്തിലായ 1949 മുതല്‍ രാജ്യം കണ്ട കരുത്തുറ്റ ഭരണാധികാരികളിലൊരാളായി ഷി ഇതിനോടകം മാറിക്കഴിഞ്ഞു.
ഒരാള്‍ക്ക് രണ്ട് തവണയില്‍ കൂടുതല്‍ പ്രസിഡന്റ് പദവി അനുവദിക്കരുതെന്നാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണഘടന പറയുന്നത്. അധികാര കേന്ദ്രീകരണം ഒഴിവാക്കുന്നതിനാണ് 1982 മുതല്‍ പാര്‍ട്ടി ഇത്തരത്തിലൊരു തീരുമാനം എടുത്തത്. എന്നാല്‍ ഈ ഭരണഘടനാ വകുപ്പ് പാര്‍ലമെന്റ് ഭേദഗതി ചെയ്താണ് മൂന്നാം തവണയും കമ്മ്യൂണിസ്റ്റ് ചൈനയുടെ അധിപനായി ഷി ജിന്‍ പിങ് എത്തിയിരിക്കുന്നത്. ചൈനയുടെ ഭരണം ഏകാധിപത്യത്തിലേക്ക് മാറുന്നുവെന്നതിന്റെ വ്യക്തമായ സൂചന. ഇതോടെ മരണം വരെയോ ആരോഗ്യം ക്ഷയിക്കുന്നത് വരെയോ ഷീക്ക് ചൈന ഭരിക്കാം. ഹു ജിന്താവോയുടെ പിന്‍ഗാമിയായി 2012-ല്‍ ഷി വന്നതോടെ ചൈനയും കമ്യൂണിസ്റ്റ് പാര്‍ട്ടിയും അടിമുടി മാറി.
2013-ല്‍ ചൈനയുടെ പ്രസിഡന്റായി അധികാരമേറ്റത് മുതല്‍ അഴിമതിക്കെതിരേ യുദ്ധം പ്രഖ്യാപിച്ച ഷീ ഉന്നത നേതാക്കളെ പോലും ജയലിലടച്ചു. പാര്‍ട്ടിയില്‍ ശുദ്ധീകരണത്തിന് തുടക്കമിട്ടു. 2017 വരേയുള്ള ആദ്യ അഞ്ചു വര്‍ഷത്തെ ഭരണത്തിനിടയ്ക്ക് മാത്രം നൂറിലധികം നേതാക്കളെയാണ് അഴിമതിയുടെ പേരില്‍ ശിക്ഷിച്ചത്. സ്വേച്ഛാദിപതി, ഏകാധിപതി എന്നൊക്കെ ഇന്ത്യയിലിരുന്ന നമ്മുക്ക് ഷീയെ വിശേഷിപ്പിക്കാം. പക്ഷേ, ചൈനയില്‍ വാര്‍ത്തകളില്‍ പോലും ഷിക്കെതിരായ കമന്റുകളുണ്ടായാല്‍ നീക്കം ചെയ്തിരിക്കണമെന്നടക്കമുള്ള അതിശക്തമായ സെന്‍സര്‍ഷിപ്പുണ്ട്. എന്തിനധികം യുവാക്കളുടെ സാമൂഹികമാധ്യമ ഉപയോഗമുള്‍പ്പെടെ നിരീക്ഷിക്കുകയാണ് ഷി.
ഇന്ത്യ, ഓസ്‌ട്രേലിയ, യുഎസ് തുടങ്ങിയ ലോകത്തിലെ സുശക്തമായ ജനാധിപത്യ രാജ്യങ്ങളെ തന്റെ ശത്രുവായി കാണാന്‍ ഷീയെ പ്രേരിപ്പിക്കുന്നത് അടങ്ങാന്ന സാമ്രാജ്യത്വ മോഹമാണ്.അനുനയം, ആക്രമണം എന്നീ രണ്ട് പാതകളിലൂടെയാണ് ലോകത്തെ കാല്‍ക്കീഴിലാക്കാന്‍ അയാള്‍ ശ്രമിക്കുന്നത്. മൂന്നാം ലോകരാജ്യങ്ങള്‍ക്ക് വായ്പകള്‍ നല്‍കി അടിസ്ഥാന വികസന പദ്ധതികളില്‍ പങ്കാളികളാക്കിയും അഫ്ഗാന്‍ മുതല്‍ ആഫ്രിക്ക വരെയുള്ള പല രാജ്യങ്ങളെയും തന്റെ ചൊല്‍പ്പടിയില്‍ നില്‍ക്കുന്ന ആശ്രിത രാജ്യമാക്കുന്നുമുണ്ട് ഷീ.പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന എന്ന പേരില്‍ ജനമുണ്ടെങ്കിലും അവരുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തുന്ന നിലപാടാണ് ചൈനീസ് ഭരണകൂടത്തിന്റേത്. ബിബിസി പുറത്തുവിട്ട ഒരു കണക്കു പ്രകാരം ഒന്നര കോടിയിലധികം പൗരന്മാര്‍ ചൈനയില്‍ തടങ്കലിലാണ്. രാഷ്ട്രീയ വൈരികള്‍ വിളിക്കുന്നത് പോലെ പട്ടുനൂലില്‍ പൊതിഞ്ഞ വജ്രസൂചി തന്നെയാണ് ഷി ജിന്‍പിങ്ങ്.