അയല്‍പക്കത്തുള്ള വീടുകളിലെ തൊഴുത്തില്‍ സൂര്യനുദിക്കും മുന്‍പേ തുടങ്ങും മരാചിയ ദേവി എന്ന സ്ത്രീയുടെ ഒരു ദിവസം. ദാരിദ്ര്യത്തിന്റെ സകല അടയാളങ്ങളും പേറിയ മരാചിയ ദേവിയുടെ പിഞ്ചിയ കോട്ടണ്‍ സാരിയുടെ തുമ്പില്‍ പിടിച്ച് സദാകരഞ്ഞ് കൊണ്ട് ഒരു കുഞ്ഞും അവരെ ചുറ്റിപ്പറ്റി തൊഴുത്തിലുണ്ടാവും. ഉറച്ച് നടക്കാന്‍ തുടങ്ങിയ പ്രായത്തില്‍ തന്നെ വട്ടമുഖവും കോലന്‍ മുടിയുമുള്ള ആ കുഞ്ഞ് പശുക്കളെ പരിപാലിക്കാനിറങ്ങി. ചെറിയ കൂലി വാങ്ങി അയല്‍ക്കാരന്റെ പശുക്കളെ മേയ്ക്കാന്‍ കാതങ്ങള്‍ നടന്നു. നാട്ടുകാര്‍ ലാലുവെന്ന് വാത്സല്യപൂര്‍വ്വം വിളിച്ച ആ കന്നുകാലിച്ചെക്കന്‍ 1990ല്‍ ബീഹാര്‍ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. ലാലുപ്രസാദ് യാദവ് എന്ന ആര്‍ജെഡി നേതാവിന്റെ ജീവിതത്തിന് മുത്തശ്ശിക്കഥകളേക്കാള്‍ അതിശയോക്തിയുണ്ട്.
നന്നേ ചെറുപ്പത്തില്‍ അച്ഛനെ നഷ്ടപ്പെട്ടതോടെ വസ്തുവകകളും കൃഷിഭൂമിയും നഷ്ടപ്പെട്ട ലാലുവിന്റെ കുടുംബം മൂന്ന് നേരം ആഹാരം കഴിക്കാന്‍ തുടങ്ങിയത് തന്നെ മൂത്ത സഹോദരന്‍ മുകുന്ദറായിക്ക് പാട്ന വെറ്റിനറി കോളേജില്‍ ജോലി കിട്ടിയതോടെയാണ്. നല്ലകാലം തെളിഞ്ഞതോടെ ചേട്ടന്റെ ചിലവില്‍ ലാലു പഠനം പുനരാരംഭിച്ചു. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടി. വാക്കുകളില്‍ വ്യക്തതയും ആശയങ്ങളില്‍ മൂര്‍ച്ചയുമുണ്ടായിരുന്ന സരസനായ ലാലു പട്ന സര്‍വകലാശാലയിലെ യൂണിയന്‍ പ്രസിഡന്റായിരുന്നു. പ്രസംഗത്തിലും നേതൃപാടവത്തിലും അസാധാരണ മികവ് പുലര്‍ത്തിയ ലാലുവിനെ, അഴിമതിക്കെതിരെ 1974ല്‍ ജനതാപാര്‍ട്ടിയുടെ സമ്പൂര്‍ണ വിപ്ലവം തുടങ്ങുമ്പോള്‍ വിദ്യാര്‍ഥി വിഭാഗം ചുമതല ഏല്‍പ്പിക്കാന്‍ ജയപ്രകാശ് നാരായണന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. പിന്നീട് 1977ല്‍ ചപ്രയില്‍നിന്ന് ജനതാപാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ ലാലു പോള്‍ ചെയ്ത വോട്ടുകളില്‍ 86 ശതമാനം നേടി വിജയിച്ച് ലോക്സഭയിലെത്തി. 80-ല്‍ പരാജയപ്പെട്ടെങ്കിലും സോണ്‍പൂരില്‍നിന്ന് നിയമസഭയിലേക്കെത്തി. കര്‍പൂരി ഠാക്കൂറിന്റെ വിശ്വസ്തനായി സംസ്ഥാന രാഷ്ട്രീയത്തില്‍ ഉയര്‍ന്ന ലാലുവിനെത്തേടി 1990-ല്‍ മുഖ്യമന്ത്രിസ്ഥാനവുമെത്തി. 1995-ലെ തെരഞ്ഞെടുപ്പില്‍ ജനതാദളിനെ വിജയത്തിലേക്ക് നയിച്ചു വീണ്ടും മുഖ്യമന്ത്രിയായി തിളങ്ങിനില്‍ക്കുമ്പോഴാണ് പണ്ട് കന്നുകാലിയെ മേച്ച് നടന്ന ലാലുവിന് കാലിത്തീറ്റയില്‍ അടിപതറുന്നത്. കാലിത്തീറ്റ, മരുന്നുകള്‍, ഉപകരണങ്ങള്‍ തുടങ്ങിയവ വാങ്ങിയതിന്റെ വ്യാജ കണക്കുകള്‍ ഹാജരാക്കി ലാലുവും കൂട്ടരും സംസ്ഥാനത്തെ ട്രഷറികളില്‍ നിന്ന് 940 കോടിയിലേറെ രൂപ പിന്‍വലിച്ചതായിട്ടാണ് കണ്ടെത്തി.
രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനം പോലും ലഭിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതിയ ലാലു കാരാഹൃഹത്തിനുള്ളിലായി. 1997ല്‍ മുഖ്യമന്ത്രിസ്ഥാനം രാജി വെയ്ക്കേണ്ടി വന്നെങ്കിലും ഭാര്യ റാബ്റി ദേവിയെ ആ സ്ഥാനത്ത് പ്രതിഷ്ഠിച്ച് ജയിലില്‍നിന്ന് ഭരണം നടത്തി ലാലു. രാഷ്ട്രീയ ജനതാദള്‍ എന്ന സ്വന്തം കക്ഷിയെ നയിച്ച് റാബ്റി ദേവിയെ വീണ്ടും മുഖ്യമന്ത്രിയാക്കിയെങ്കിലും ലാലുവിന്റെ പ്രതാപം ഇടിയുകയായിരുന്നു. 2010 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 243 അംഗ നിയമസഭയില്‍ വെറും 22 സീറ്റില്‍ ജനതാദള്‍ ഒതുങ്ങി. 2004-ലെ ആദ്യ യുപിഎ സര്‍ക്കാരില്‍ റെയില്‍വേ മന്ത്രിയായെങ്കിലും 2009 -ലെ ലോക്സഭയിലെത്തിയപ്പോള്‍ കാലിത്തീറ്റക്കേസ് വീണ്ടും വില്ലനായി. എങ്കിലും 2015-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിനും കോണ്‍ഗ്രസിനും ഒപ്പം ചേരാനുള്ള തന്ത്രം ഫലം കണ്ടു. ബിജെപിയെ മറികടന്ന് ബിഹാര്‍ ഭരണത്തില്‍ പങ്കുചേരാനും രണ്ടു മക്കളെ നിതീഷ് സര്‍ക്കാരില്‍ മന്ത്രിമാരാക്കാനും ലാലുവിന് കഴിഞ്ഞു.
എന്നാല്‍ 2017 ജൂലൈയില്‍ സഖ്യം തകര്‍ന്നത് വീണ്ടും തിരിച്ചടിയായി. നിതീഷ് കുമാര്‍ വീണ്ടും ബിജെപി ചേരിയിലേക്ക് മടങ്ങി. നവംബറില്‍ തന്റെ രാഷ്ട്രീയ പിന്‍ഗാമിയായി മകന്‍ തേജസ്വി യാദവിനെ ലാലു നിര്‍ദേശിച്ചു.കള്ളപ്പണക്കേസില്‍ ലാലുവിന്റെ മകളും രാജ്യസഭാംഗവുമായ മിസ ഭാരതിക്കും ഭര്‍ത്താവ് ശൈലേഷ്‌കുമാറിനുമെതിരെ ഇഡി കുറ്റപത്രം നല്‍കി. ഈ കേസില്‍ ഇരുവരുടെയും ദക്ഷിണ ഡല്‍ഹിയിലെ കൃഷിയിട വസതി കള്ളപ്പണ നിരോധന നിയമപ്രകാരം എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. 2008-09 ല്‍ കള്ളപ്പണം ഉപയോഗിച്ചു 1.2 കോടി രൂപയ്ക്കു വസതി സ്വന്തമാക്കിയെന്നാണു കേസ്.
ജോലിക്ക് പകരം ഭൂമി അഴിമതിക്കേസില്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് ലാലുവിന്റെ ഭാര്യ റാബ്റി ദേവിയാണ്. റാബ്‌റി ദേവിക്കു പുറമേ, ലാലുവും മക്കളായ മിസ, ഹേമ എന്നിവരുമുള്‍പ്പെടെ 12 പേരാണ് എഫ്‌ഐആറില്‍ ഉള്ളത്. 2004 മുതല്‍ 2009 വരെ ലാലു പ്രസാദ് യാദവ് കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കെ നല്‍കിയ ജോലികള്‍ക്ക് പകരമായി ലാലു യാദവും കുടുംബാംഗങ്ങളും ഭൂമി തട്ടിയെടുത്തെന്നാണ് കേസ്. 1998ല്‍ അനധികൃത സ്വത്ത് സമ്പാദനം, 2005ല്‍ റെയില്‍വേ ടെണ്ടര്‍ അഴിമതി കേസ് 2017ല്‍ അനധികൃത വസ്തു ഇടപാട് കേസും എ.ബി. കയറ്റുമതി കമ്പനി കേസും. ലാലുപ്രസാദ് യാദവ് പണ്ട് വിതച്ചതാണ് ഇപ്പോള്‍ കൊയ്യുന്നത്. കര്‍മ്മഫലം അനുഭവിക്കാതെ ആരും ഭൂമി വിട്ട് പോകില്ലെന്നൊരു വിശ്വാസമുണ്ട്. പ്രത്യേകിച്ചും ഹിന്ദു മതത്തില്‍. അതിപ്പോള്‍ ചിദംബരമായാലും ലാലുവാലും വീഴേണ്ട വന്മരങ്ങള്‍ ചെറുകാറ്റത്തും ടപുഴകും.