ആരും അഞ്ച് വര്‍ഷം തികയ്ക്കാത്ത കര്‍’നാടകം’

National Opinion

നിയമസഭാ തെരഞ്ഞെടുപ്പിന്റെ കോലാഹലങ്ങളിലേക്ക് കന്നടനാട് കടന്നുകഴിഞ്ഞു. മെയ് പത്താം ഒന്‍പത് ലക്ഷത്തിലധികം വരുന്ന കന്നി വോട്ടര്‍മാരുള്‍പ്പെടെ അഞ്ച് കോടിയിലധികം വരുന്ന പൗരന്മാര്‍ വിധിക്കും, കര്‍ണാടകത്തില്‍ ആര്‍ക്കൊക്കെ കസേര കിട്ടുമെന്ന്. 224 നിയമസഭാ സീറ്റുകളുള്ള കര്‍ണാടകയില്‍ നിലവില്‍ ബിജെപിയുടെ അംഗബലം 119ആണ്. കോണ്‍ഗ്രസിന് 75 എംഎല്‍എമാകര്‍. ജെഡിഎസിന് 28 എംഎല്‍എമാര്‍. വരുന്ന തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ ഇരുപത് മണ്ഡലങ്ങളിലാണ് പൊളിറ്റിക്കല്‍ ട്വിസ്റ്റ് ഒളിഞ്ഞിരിക്കുന്നത്. ഇതില്‍ ഒന്നാമത്തെ മണ്ഡലം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സിറ്റിംഗ് എംഎല്‍എയായ ഷിഗ്ഗാവാണ്. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സയ്യിദ് അസീം പീര്‍ ഖാദ്രിക്കെതിരെ 9,265 വോട്ടുകളുടെ വിജയത്തോടെ അദ്ദേഹം വിജയിച്ചു. രണ്ടാമത്തെ മണ്ഡലം കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ 2018ല്‍ തന്റെ മകന്‍ എസ് യതീന്ദ്രനുവേണ്ടി ബലിയര്‍പ്പിച്ചിരിക്കുന്ന വരുണ മണ്ഡലമാണ്. അദ്ദേഹമാകട്ടെ, ചാമുണ്ഡേശ്വരി- ബദാമി മണ്ഡലത്തിലേക്ക് തിരികെ മടങ്ങുകയാണ്. വരുണയില്‍ മകന് യോഗമുണ്ടോയെന്ന് കണ്ടറിയണം.

രാമനഗരയിലാകട്ടെ മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ ഭാര്യയും മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ മരുമകളുമായ അനിത കുമാരസ്വാമി 2018ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നു. കുമാരസ്വാമിയുടെ മകന്‍ നിഖിലിനെയാണ് പാര്‍ട്ടി ഇത്തവണ മത്സരിപ്പിച്ചിരിക്കുന്നത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍ നിന്നുള്ള ബിജെപി പിന്തുണയുള്ള സ്വതന്ത്ര എംപി സുമലത അംബരീഷിനോട് അദ്ദേഹം തന്റെ കന്നി തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. നിരവധി അട്ടിമറികള്‍ക്ക് സാക്ഷ്യം വഹിച്ച മാണ്ഡ്യയില്‍ 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി ജെഡി(എസ്) സ്ഥാനാര്‍ഥി എം ശ്രീനിവാസ് വിജയിച്ചിരുന്നു. മൂന്നാം സ്ഥാനത്തായിരുന്ന ബിജെപിക്ക് ഇപ്പോള്‍ പിന്തുണയുമായി സ്വതന്ത്ര എംപി സുമലതയുടെ പിന്തുണയുണ്ട്. കനകപുരയില്‍ ‘കനകപുര റോക്ക്’ എന്ന് വിളിപ്പേരുള്ള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡി കെ ശിവകുമാര്‍ ഏഴ് തവണ എംഎല്‍എയായിട്ടുണ്ട്, 1989 മുതല്‍ ഇന്നുവരെ തന്റെ വിജയ പരമ്പര നിലനിര്‍ത്താനും അദ്ദേഹത്തിന് കഴിഞ്ഞു.

ഹാസനില്‍ എച്ച്എസ് പ്രകാശിനെ 13,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി ബിജെപിയുടെ പ്രീതം ഗൗഡ കഴിഞ്ഞ തവണ ജെഡി(എസ്) കുത്തക തകര്‍ത്തിരുന്നു. ദേവഗൗഡയുടെ മരുമകള്‍ അതായത് എച്ച് ഡി രേവണ്ണയുടെ ഭാര്യ ഭവാനി ഹാസനില്‍ മത്സരിക്കാന്‍ ടിക്കറ്റ് ആവശ്യപ്പെട്ടിടത്താണ് ജെഡി(എസ്) ഇത്തവണ കുടുംബകലഹത്തെ നേരിടുന്നത്. രാഹുലിന്റെ മോദി വിവാദത്തെ തുടര്‍ന്ന് കലുഷിതമായ കോലാറില്‍ നിന്നും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും അവസാന നിമിഷം പിന്മാറി. കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ജെഡി(എസ്) സിറ്റിങ് എംഎല്‍എ കെ ശ്രീനിവാസ ഗൗഡ കോണ്‍ഗ്രസിനൊപ്പം നിന്നിരുന്നു. ജെഡി(എസ്) പുതിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തേണ്ടതുമുണ്ട്.

ചന്നപട്ടണ മണ്ഡലത്തില്‍ പ്രാദേശിക ശക്തനായ സി പി യോഗീശ്വരയെ പരാജയപ്പെടുത്താന്‍ മാത്രമാണ് 2018 ല്‍ രാമനഗരയ്ക്ക് പകരം ഇവിടെ നിന്ന് മത്സരിക്കാന്‍ ജെഡി(എസ്) രണ്ടാം കമാന്‍ഡിലെ എച്ച് ഡി കുമാരസ്വാമി തീരുമാനിച്ചത്. അതേ മണ്ഡലത്തില്‍ നിന്നാണ് കുമാരസ്വാമി വീണ്ടും മത്സരിക്കുന്നതെന്ന പ്രത്യേകത ഇവിടെയുണ്ട്. സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചതിനെ തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രിയും ലിംഗായത്ത് ശക്തനുമായ ബി എസ് യെദ്യൂരപ്പയുടെ സീറ്റ് ശിക്കാരിപുരയില്‍ ഒഴിഞ്ഞുകിടക്കുകയാണ്. അദ്ദേഹത്തിന്റെ രണ്ടാമത്തെ മകന്‍ ബി വൈ വിജയേന്ദ്രയ്ക്ക് ടിക്കറ്റ് ലഭിച്ചേക്കുമെന്ന് രാഷ്ട്രീയ വൃത്തങ്ങളില്‍ ശക്തമായ അഭ്യൂഹമുണ്ട്. ശിവമൊഗ്ഗയില്‍ കൈക്കൂലി ആരോപണത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ട കെ എസ് ഈശ്വരപ്പയാണ് സിറ്റിംഗ് എംഎല്‍എ.

സൊറാബയില്‍ മുന്‍ മുഖ്യമന്ത്രി അന്തരിച്ച എസ് ബംഗാരപ്പയുടെ രണ്ട് മക്കളും ബി.ജെ.പിയുടെ സിറ്റിങ് എം.എല്‍.എയായ കുമാര്‍ ബംഗാരപ്പയും മധു ബംഗാരപ്പയും വീണ്ടും ഏറ്റുമുട്ടിയേക്കും. കഴിഞ്ഞ തവണ ജെഡി(എസ്) മധുവിന് ടിക്കറ്റ് നല്‍കിയെങ്കിലും ഇത്തവണ ഇദ്ദേഹം കോണ്‍ഗ്രസിലാണ്. ഗോകക്ക് മണ്ഡലത്തില്‍ സഹുകാര എന്ന് വിളിപ്പേരുള്ള, ബെലഗാവിയിലെ ശക്തരായ ജാര്‍ക്കിഹോളി കുടുംബത്തിലെ രമേഷ് ജാര്‍ക്കിഹോളി 1999 മുതല്‍ കയ്യടക്കിയ സീറ്റാണ്. എന്നാല്‍ രണ്ട് വര്‍ഷം മുമ്പ് ലൈംഗികാരോപണത്തെ തുടര്‍ന്ന് ജാര്‍ക്കിഹോളി മന്ത്രിസ്ഥാനം രാജിവച്ചു. ജാര്‍ക്കിഹോളി 2019ല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുകയും ചെയ്തു.

ഗംഗാവതിയിലാകട്ടെ, ഖനന മുതലാളിയും മുന്‍ ബിജെപി മന്ത്രിയുമായ ജി ജനാര്‍ദന റെഡ്ഡി തന്റെ പുതിയ പാര്‍ട്ടിയായ കര്‍ണാടക രാജ്യ പ്രഗതി പക്ഷയെ പ്രതിനിധീകരിച്ച്് മത്സരിക്കുന്നതിനാല്‍ മണ്ഡലം രാജ്യതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. നിലവില്‍ ഗംഗാവതി മണ്ഡലം ബിജെപിയുടെ പരണ്ണ ഈശ്വരപ്പ മുനവല്ലിയുടെ കൈവശമാണ്. വിജയപുരയില്‍ വിവാദ പ്രസ്താവനകള്‍ക്ക് പേരുകേട്ട ബസനഗൗഡ പാട്ടീല്‍ യത്നാലിന് നറുക്ക് വീണേക്കും. റെഡ്ഡിയുടെ സഹോദരന്‍ ജി സോമശേഖര റെഡ്ഡിയാണ് ഇവിടുത്തെ സിറ്റിംഗ് എംഎല്‍എ. ചിറ്റാപൂരിലേക്കെത്തുമ്പോള്‍ എഐസിസി അധ്യക്ഷന്‍ എം മല്ലികാര്‍ജുന ഖാര്‍ഗെയുടെ മകന്‍ മുന്‍ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ ജനവിധി തേടുന്നുവെന്ന പ്രത്യേകതയുണ്ട്. ചിക്കമംഗളൂരു ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയും നാല് തവണ എംഎല്‍എയുമായ സിടി രവിയുടെ കൈവശമാണ്.

Leave a Reply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസിന്ത്യാ മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Your email address will not be published.

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.