ഈ വിഷു സുരേഷ് ഗോപി അങ്ങെടുത്തു എന്ന് പറഞ്ഞാൽ അതിൽ ഒരു തെറ്റുമില്ല .വിഷു കൈനീട്ടത്തിലൂടെ സുരേഷ് ഗോപി ഇടത് പക്ഷത്തിനും ഐക്യ ജനാധിപത്യ മുന്നണിയുടെ നേർക്കും ഒക്കെ നടത്തിയത് ശരിക്കുമൊരു മിന്നലാക്രമണം തന്നെയായിരുന്നു. എന്തായാലും വിഷു ആഘോഷമൊക്കെ കഴിഞ്ഞ് നിൽക്കുമ്പോഴും മലയാളി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കരുടെ വിഷു ആശംസ ഒന്ന് മനസിലാക്കുന്നത് നല്ലതാണ്. എന്ന് പറഞ്ഞാൽ പണിക്കർ ഫേസ് ബുക്കിൽ കുറിച്ചതിങ്ങനെയാണ്.
“ഈ നാടിന്റെ തനതു സംസ്കാരത്തിന്റെ ഭാഗമാണ് വിഷു. സമൃദ്ധിയുടെ പ്രതീകവും മുട്ടുവരാത്ത ഒരു കാലത്തിന്റെ പ്രതീക്ഷയുമാണത്. സാധാരണ ദിവസങ്ങളിൽ നിങ്ങളുടെ സവിശേഷ ശ്രദ്ധ കിട്ടാതെ അടുക്കളയിൽ ഒതുങ്ങുന്ന വെള്ളരിയും ചക്കയും നാട്ടുമാങ്ങയുമൊക്കെ ഈ ദിവസം ഭഗവാനോടൊപ്പം പൂജാമുറിയിൽ സ്ഥാനം പിടിക്കുന്നതും അതുകൊണ്ടാണ്. വിളകൾക്കും പുഷ്പങ്ങൾക്കുമൊപ്പം ധാന്യത്തെയും ഗ്രന്ഥത്തെയും വസ്ത്രത്തെയും സമ്പത്തെയും നമ്മെത്തന്നെയുമാണ് നാം ഭഗവാനോടൊപ്പം കണികാണുന്നത്. ഇളയവർക്കും ഇല്ലാത്തവർക്കും ഇഷ്ടപ്പെട്ടവർക്കും സമ്പത്ത് പകർന്നു നൽകണമെന്ന സന്ദേശത്തിന്റെ ടോക്കൺ ആണ് കൈനീട്ടം. കാൽതൊട്ടു വന്ദിക്കുന്നതും ഒരു ടോക്കൺ ആണ്; നിങ്ങൾ കരുതുംപോലെ അടിമത്തത്തിന്റെയല്ല, ആദരവിന്റെ. കരഞ്ഞപേക്ഷിച്ച് കാൽ പിടിക്കുകയല്ല, നിറഞ്ഞ സന്തോഷത്തിൽ കാൽ തൊട്ട് വന്ദിക്കുകയാണ്. കാൽ തൊട്ട് അപേക്ഷിക്കാൻ വരുന്നവരെപ്പോലും തെരുവിലൂടെ വലിച്ചിഴയ്ക്കുന്നതാണ് നവോത്ഥാനമെന്ന് കരുതുന്നവർക്ക് ആദരവൊക്കെ ‘മാടമ്പിത്തരം’ ആയില്ലെങ്കിലേ അതിശയമുള്ളൂ. പാരമ്പര്യത്തിന്റെ ഭാഗമായതൊക്കെയും വെറും പഴഞ്ചനാണെന്ന ചിന്ത പലരെയും ഭരിക്കുന്ന കാലമാണ്. പഴഞ്ചനാണ്, സംശയമില്ല. അത് ഈ നാടിന്റെയോ സംസ്കാരത്തിന്റെയോ തെറ്റല്ല. നിങ്ങളെക്കാളും നിങ്ങളുടെ ആശയങ്ങളെക്കാളും മുൻപേ ഇതൊക്കെ ഇവിടെയുണ്ട് എന്നതിന്റെ ടോക്കൺ ആണത്. ഈ ‘മാടമ്പിത്തരം’ ഒക്കെയും മാറണമെന്നുള്ള നിങ്ങളുടെ പുതുചിന്ത ശുദ്ധമണ്ടത്തരമാണ്. കഴിഞ്ഞ കൊല്ലം വരെ കണ്ണനെ കണികണ്ടു, ഇക്കൊല്ലം തൊട്ട് കംസനെയാവാം എന്ന് ഞങ്ങളും, അൻപതു കൊല്ലം വായിൽക്കൂടി കഴിച്ചില്ലേ, ഇനി മൂക്കിൽക്കൂടിയാവാം എന്നു നിങ്ങളും കരുതുന്ന കാലം വരെയും ഈ പഴഞ്ചൻ ‘മാടമ്പിത്തരം’ മുന്നോട്ടുപോകും. സഹിക്യ ന്നെ.
ഏവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ. ”